Sunday, January 26, 2020

രാത്രി യാത്രകൾ


രാത്രി യാത്രകൾ



രാത്രിയിലെ യാത്രകൾ വളരെ വേഗമുള്ളതാണ്. ഉണർവിൽ നിന്ന് മെല്ലെ ഉറക്കത്തിലേക്ക് വീഴുമ്പോഴേക്ക് ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടുന്ന, പ്രകാശത്തേക്കാൾ വേഗമുള്ള, പലപ്പോഴും ഒരിടത്തേക്ക് മാത്രമുള്ള യാത്രകൾ.

ഇടവപ്പാതി

കിഴക്കേ തോടിനക്കരെ, അമ്മാവൻ മൂത്താരുടെ പറമ്പിന്റെയും അപ്പുറത്ത്, ഞരളപ്പുഴ അമ്പലമിരിക്കുന്ന മലയുടെ മുകളിൽ, അതി ഗാംഭീര്യത്തോടെ തലഉയർത്തി നിൽക്കുന്ന കൊടുമുടികൾ കണക്കെ കറുത്തിരുണ്ട മേഘങ്ങൾ ഉയർന്നു വന്നുകൊണ്ടിരുന്നു.

"ഇന്ന് മഴ തകർത്ത് പെയ്യുന്നലക്ഷണമാണ്, നീ പോയി പശുവിനെ അഴിച്ച് കൊണ്ടുവന്നേ" അമ്മ വിളിച്ചു പറഞ്ഞു.

വേനലിലെ വറുതിക്ക് ശേഷം തുള്ളി വെള്ളമില്ലാത്ത ചെറിയ കൈത്തോടു കടന്ന് ഞാൻ പാടത്തേക്കിറങ്ങി. കൊയ്ത്തുകാർ അവശേഷിപ്പിച്ച, കാൽ പാദങ്ങളുടെ ആകൃതിയിലുള്ള കുഴികളും, ഉണങ്ങി ദ്രവിച്ച നെൽകുറ്റികളും അവക്കിടയിൽ വളർന്നു നിന്ന പുല്ലുകളും വിശാലമായ പാടത്തിന് അവാച്യമായ ഭംഗി നൽകി.

അയൽപക്കത്തെ കുട്ടികൾ അവരുടെ പശുക്കളെയും അഴിച്ച് ധൃതിയിൽ നടന്നു.

പടിഞ്ഞാറു മറയാനൊരുങ്ങുന്ന സൂര്യന്റെ രശ്മികൾ തട്ടി മേഘങ്ങളുടെ അഗ്രങ്ങൾ മാത്രം വെളുത്തും ചാര വർണ്ണത്തിലും കാണപ്പെട്ടു. വേനലിൽ രൂപപ്പെട്ട, പാടത്തെ വിള്ളലുകളിൽ നിന്നും ചെറിയ തവളക്കുഞ്ഞുങ്ങൾ പുറത്തു വന്ന്  "ക്രീക്രീ" എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.  അടുത്തെത്തുമ്പോൾ അവ വീണ്ടും വിള്ളലുകളിലേക്ക് മറഞ്ഞു,

മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ പശുക്കൾ അമറുന്നതും കാക്കകൾ കരയുന്നതും മേഘങ്ങളിൽ തട്ടി ഒരു കൂടാരത്തിനുള്ളിലെന്നപോലെ പ്രതിധ്വനിച്ചു. കാക്കകളെല്ലാം ചേക്കാറാൻ  കൂട്ടമായി തെക്കോട്ട് , മൂലക്കോണം ദ്വീ‍പിനെ ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരുന്നു.  ചില കണ്ടങ്ങളിൽ കൊണ്ടൽ കൃഷിയായി പാവലും പടവലവുമൊക്കെ  പന്തലുകളിൽ പടർന്ന് കയറിക്കിടക്കുന്നു. വെള്ളം തേവാനായി ഏത്തവും തേക്കു കൊട്ടയും കുളത്തിനരികിൽ ഘടിപ്പിച്ചിട്ടുണ്ട്.

ചെറിയ കാറ്റ് വീശി തുടങ്ങിയിരുന്നു. മേഘങ്ങളുടെ സഞ്ചാരം വേഗത്തിലായി. മേഘങ്ങൾക്കുള്ളിൾ  കൊള്ളിയാനുകൾ മിന്നി, നിമിഷങ്ങൾക്കകം പടക്കം പൊട്ടുന്നതു പോലെ ഇടി വെട്ടി, ഇടിക്കു പിറകെ ഓരോ മഴത്തുള്ളികൽ വീണുതുടങ്ങി. പാടത്തേക്ക് ചാഞ്ഞ് നിൽക്കുന്ന കോട്ടമാവിൽ നിന്നും ഒരു മാങ്ങ പൊഴിഞ്ഞു വീണു. മഴത്തുള്ളികളുടെ കനവും മഴയുടെ ശക്തിയും കൂടി വന്നു, ചൂടുപിടിച്ച പൊടിമണ്ണിൽ പുതു മഴ വീണതിന്റെ ഗന്ധം ഉയർന്നു.

പശുവിന്റെ കയറ് കുറ്റിയിൽ നിന്നും അഴിച്ച് കുറ്റിയും വലിച്ചൂരി ഞാൻ വീട്ടിലേക്ക് വേഗം നടന്നു. വീടിനടുത്തെത്തിയപ്പോൾ മഴ കനത്തിരുന്നു. വഴിയിൽ കൂടി മാണിക്യൻ ധൃതിയിൽ നടന്ന് വരുന്നു. നെഞ്ചിൽ ഉന്തി നിൽക്കുന്ന എല്ലുകളെ മറച്ച് മെലിഞ്ഞുണങ്ങിയ കൈകൾ രണ്ടും തോളിൽ കുറുകെയായി മുറുകെ പിടിച്ചിരിക്കുന്നു.  ചെളിപിടിച്ച് കറുപ്പ് നിറമായ മുണ്ട് നനഞ്ഞൊട്ടിയിരിക്കുന്നു. കറുത്ത പല്ലുകൾ പുറത്ത് കാണിച്ച് എന്നെ നോക്കി മാണിക്യൻ ചിരിച്ചു.

പശുവിന്റെ ശരീരത്തിൽ വീണ മഴ വെള്ളം രോമത്തിനുള്ളിൽ കൂടി ഒഴുകി മഞ്ഞ നിറത്തിൽ താഴേക്ക് ഇറ്റ് വീണുകൊണ്ടിരുന്നു.  തൊഴുത്തിന്റെ അരികു പറ്റി നനഞ്ഞൊട്ടിയ തൂവലുകളുമായി നിന്ന കോഴികൾ പശുവിനെ കണ്ടപ്പോൾ രണ്ടു മൂന്ന് ചുവടുകൾ വച്ച് മാറി നിന്നു.

പശുവിനെ തൊഴുത്തിൽ കെട്ടി, തുറുവിൽ നിന്നും കുറെ വൈക്കോലും വലിച്ച് ഇട്ട് കൊടുത്ത് ഞാൻ വീട്ടിലേക്ക് കയറി.

അമ്മാവൻ മൂത്താര്

തോടിനക്കരെ കാടുപിടിച്ച് കിടന്ന പറമ്പിന്റെ ഉടമസ്ഥനായ അമ്മാവൻ മൂത്താരെ എനിക്ക് വ്യക്തമായ ഓർമ്മയില്ല. പൊളിഞ്ഞ് വീഴാറായ ഒരു വീടും, ചെറിയ കുളവും പഴയ കാലത്തിന്റെ ഓർമ്മ പോലെ വലിയ വെട്ടു കല്ലുകൾ ചെരിച്ച് വച്ച് ഒരു കുട നിവർത്തി വച്ചതു പോലെ  മതിൽ കെട്ടി ഉണ്ടാക്കിയ ഒരു കിണറും അവിടെ ഉണ്ടായിരുന്നു. കാടു പിടിച്ച് കിടന്നിട്ടും ഞങ്ങളെ അങ്ങോട്ട് ആകർഷിച്ചിരുന്നത് ആ പറമ്പിൽ നിന്നിരുന്ന വലിയ മാവുകളായിരുന്നു.  വഴിയരികിൽ നിന്ന മൈലാപ്പൂ മാവ്, രണ്ട് ചക്കര മാവുകൾ,  കൈത്തോടിന്റെ അരികിലായി നിന്ന അട്ടനാറി മാവ്, കടുക്കാച്ചി  മാവ് പിന്നെ പൊളിഞ്ഞു കിടന്ന വീടിനരികിലായി വലിയ മാങ്ങകളുണ്ടാകുന്ന രണ്ട് നാട്ടു മാവുകൾ. കാറ്റും മഴയും വരുമ്പോൾ  കൊട്ടയുമായി എല്ലാ മാവിൻ ചുവട്ടിലും ഓടിനടന്ന് മാങ്ങ പെറുക്കി, പറമ്പ് നോക്കി നടത്താൻ ഏല്പിച്ചിരുന്ന ലൂക്കോസു മൂപ്പൻ വഴക്ക് പറഞ്ഞ് ഞങ്ങളെ  ഓടിക്കുന്നത് വരെ.

അമ്മാവൻ മൂത്താര് മരിച്ച് പോയിരുന്നു.



കുളി, കളി

മഴക്കാലം തുടങ്ങി ആഴ്ചകളായി. വയല, ഇലക്കാട് മലകളിൽ നിന്നൊക്കെ അലച്ചൊഴുകി വന്ന വെള്ളം  കിഴക്കേ തോടും കടന്ന് മീനച്ചിലാറ്റിലും  പിന്നീട് വേമ്പനാട്ട് കായലിലും ചെന്നെത്തി, ആ വെള്ളത്തള്ളലിൽ ഊത്ത മീനുകൾ കൂട്ടമായി കയറി വന്ന് തോടുകളിലും പാടങ്ങളിലും മുട്ട ഇട്ട് മടങ്ങി. 

വഴിയരികിലെ ഓടകളിലെല്ലാം മഴക്കാലത്ത് മാത്രം ഉണ്ടാകുന്ന കര ഉറകവൾ  ഒഴുകി ഒഴുകി തെളിഞ്ഞ വെള്ളച്ചാലുകളായി മാറി.  വെള്ളത്തിനു മീതെ, വെള്ളത്തീപ്പാറ്റകൽ എന്നു ഞങ്ങൾ വിളിക്കുന്ന നാലു കാലിൽ വെള്ളത്തിനു മീതെ പൊങ്ങി നിൽക്കാൻ കഴിവുള്ള ചെറിയ ജീവികൾ ഓടി നടന്നു.  കാട്ടുകല്ലുകൾ അടുക്കി വച്ച് ഉണ്ടാക്കിയ കയ്യാല പൊത്തുകളിൽ മഞ്ഞ നിറത്തിൽ മുക്കുറ്റി പൂവുകൾ വിടർന്ന് നിന്നു, അതിനു മുകളിലായി തൂങ്ങി നിന്ന പുല്ലിന്റെ വേരുകളിൽ സുതാര്യമായ, കൊഴുപ്പുള്ള ഒരു ദ്രാവകം  ഒരു മഴത്തുള്ളി കണക്കെ തങ്ങി നിന്നു. സൂര്യപ്രകാശം തട്ടുമ്പോൾ അവ വജ്രം കണക്കെ തിളങ്ങി. കുട്ടികൾ അവ വേരോടെ പിഴുതെടുത്ത് കണ്ണിൽ ചേർത്ത് വച്ചു. കണ്ണിനു തണുപ്പ് കിട്ടുവാൻ നല്ലതാണത്രെ.

തോട്ടിലെ വെള്ളം തെളിഞ്ഞു.  കടവിലെല്ലാം കുളിക്കാൻ ആളുകൾ വന്നു. സ്കൂളിൽ പോകുന്ന കുട്ടികളും ജോലിക്കാരുമൊക്കെ രാവിലത്തെ തണുപ്പിൽ മൂക്ക് അടച്ച് പിടിച്ച് മൂന്ന് പ്രാവശ്യം മുങ്ങി നിവർന്ന് സോപ്പോ താളിയോ തേച്ച്,  വീണ്ടും മൂന്നു പ്രാവശ്യം മുങ്ങി വെള്ളത്തിൽ നിന്ന് തന്നെ ദേഹമെല്ലാം  തോർത്തി തിരികെ പോയി.

സ്കൂൾമാഷായിരുന്ന, പിന്നെ സന്യാസി ആയ സന്യാസി സാറും, രാഘവേട്ടനും തുണി ഒന്നും തന്നെ ഉടുക്കാതെയാണ് കുളിച്ചിരുന്നത്. ഞങ്ങൾ കുട്ടികൾക്ക് അത് കാണുമ്പോൾ ഒരു ജാള്യത തോന്നിയിരുന്നെങ്കിലും അവരതൊന്നും ഒരിക്കലും ഗൌനിച്ചതേയില്ല. അവരുടെ ജീവിതാനുഭവങ്ങൾ അവരുടെ ശരീരത്തിലെ നാണങ്ങളെ ഇല്ലാതാക്കിയിരുന്നു.

ചില്ലറ തടിക്കച്ചവടം ഒക്കെ ചെയ്തിരുന്ന ഭഗവാൻ ചന്ദ്രൻ കുളിക്കുവാൻ വന്നിരുന്നത് ഒരു വലിയ പൊതി ഭസ്മവുമായിട്ടായിരുന്നു.  കുളിയും തോർത്തും കഴിഞ്ഞാൽ ഭസ്മത്തിൽ കൈപ്പത്തി മുക്കി നെറ്റി, നെഞ്ച്, തോള്, വയറ്, കാലുകൽ എന്നിവിടെയൊക്കെ തേച്ച് പിടിപ്പിക്കും. മൂന്നു നാലു വെളുത്ത വിരൽ പാടുകളായി ചന്ദ്രന്റെ ഇരുണ്ട ദേഹത്തെങ്ങും അവ തെളിഞ്ഞ് നിൽക്കും.

കൂട്ടുകാരൊടൊപ്പം ഞാനും അവധിയുള്ള  ദിവസങ്ങളിൽ തോട്ടിൽ പോയി നീന്തൽ, മുങ്ങാം കുഴി, അണ്ടാ ചുണ്ടാ (വെള്ളത്തിലെ ഓടലും തൊടലും) എന്നിങ്ങനെ മണിക്കൂറുകളോളം അവിടെ തന്നെ കഴിച്ച് കൂട്ടി. അയല്പക്കത്തെ കൂട്ടുകാരനായിരുന്ന മോഹനനായിരുന്നു ഈ കളികളിൽ ഏറ്റവും മിടുക്കൻ.



യക്ഷിയും ഗന്ധർവ്വനും.

പാടത്ത്, റോഡിനോട് ചേർന്ന് നിന്നിരുന്ന വലിയ ഏഴിലം പാല നിറയെ പൂത്തു. രാത്രികാലങ്ങളിൽ പാടത്തിന്റെ മുകളിലായി തങ്ങി നിന്ന നേർത്ത  മഞ്ഞിൽ പാലപ്പൂ മണം അലിഞ്ഞ് ചേർന്നു. ഒരു കൊച്ചു കാറ്റ് വരുമ്പോൾ ആ പ്രദേശത്തെങ്ങും  ആ മണം ഒഴുകി നടന്നു. പാലപ്പൂ മണത്തിനൊപ്പം പാലകളിൽ വസിക്കുന്ന യക്ഷികളും മനുഷ്യരുടെ മനസ്സിലേക്കോടിയെത്തി.

രാത്രി പാടത്ത് വച്ച് ജോഷി ആണത്രെ ആ കാഴ്ച കണ്ടത്. മുന്നിലും പിന്നിലും  വിളക്കുകൾ തെളിച്ച് ഒരു തേര് ആകാശത്തിൽ കൂടി ഒഴുകി നീങ്ങുന്നു. ഗന്ധർവ്വന്മാർ തേരിൽ പോകുന്നതാണത്രെ. ജോഷി ഒന്നേ നോക്കിയുള്ളു, അപ്പോഴേ കണ്ണ് ഇറുക്കി അടച്ച് കളഞ്ഞു. നോക്കി നിന്നു പോയാൽ നമ്മളെയും ആകർഷിച്ച് കൊണ്ടു പോകുമത്രെ.

കൃഷി

മുട്ടു മഴ തോർന്നതോടെ പ്ലാവുകളും മാവുകളും അതിരു നിന്ന പറമ്പുകളിൽ  ഇഞ്ചിയും വാഴയും കപ്പയുമൊക്കെ നട്ടു.  പാടത്ത് ഉഴവും വിതയും എല്ലാം തുടങ്ങി. കുട്ടപ്പൻ ചേട്ടനും, ഭാസ്കരൻ  ചേട്ടനുമൊക്കെ കാളകളുമായി കിഴക്കേ പാടം, തെക്കേ പാടം എന്നിവിടങ്ങളിൽ ഉഴവ്, ഞവിരി അടി (നിരപ്പാക്കൽ) വിത, നടീൽ എന്നിങ്ങനെ പണികളെല്ലാം തകൃതിയായി. പാടത്ത് ചാണകവും ചവറും ഇടാനും ഞാറ് നിരത്താനും ഞാനും കൂടി.



വെളിച്ചം, തെളിച്ചം

മഴക്കാറൊഴിഞ്ഞ പകലുകളിൽ പാടത്തും പറമ്പുകളിലും ഒരു അലൌകിക പ്രകാശം നിറഞ്ഞു. നേർത്ത മഞ്ഞ് മൂടിയ പ്രഭാതങ്ങളിൽ മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങിയ പ്രകാശം മഞ്ഞിനുള്ളിൽ  കാല്പനിക ബിംബങ്ങൾ ചമച്ചു.

വെട്ടി തിളങ്ങുന്ന വെയിലിൽ, ചിറകിൽ ചുവപ്പും കറപ്പും പുള്ളികളുള്ള വെയിൽ തുമ്പികൾ പാറി നടന്നു. വൈകുന്നേരങ്ങളിൽ ചിതൽ പുറ്റുകളിൽ നിന്നും ഈയലുകൾ ആർത്ത് പൊങ്ങി, അവയെ പിടിക്കാൻ വൌവ്വാലുകളും ഇരട്ടവാലൻ കിളികളും, നത്തുകളും ആകാശത്തെങ്ങും പാറി നടന്നു.

ചിതൽപ്പുറ്റുകൾക്കരികെ ഉപ്പു കൂണുകളുടെ കൂട്ടങ്ങൾ പ്രത്യക്ഷപ്പെട്ടു.  അമ്മയും ഞാനും കൂടി അവയെല്ലാം ചെറിയ വള്ളിക്കൊട്ടകളിൽ  നിറയെ പറിച്ചെടുത്തു.

തോട്ടിന്റെ നട വരമ്പിൽ കൂടി സ്കൂളിൽ പോകുന്ന വഴി, തോട്ടിനരികിൽ, മുള്ളു നിറഞ്ഞ തഴച്ചെടികൾ  പൂത്ത് കുലച്ച് നിന്നു. തഴയുടെ കവിളിനുള്ളിൽ ഒളിച്ചിരുന്ന, പുറന്തോടിനു മുകളിൽ മഴവില്ല് തെളിയുന്ന, തഴ വണ്ടിനെ പിടിച്ച് ഞങ്ങൾ കഴുത്തിൽ നൂലു കെട്ടി  പറത്തി പിന്നെ വീണ്ടും പിടിച്ച് തീപ്പെട്ടിക്കുള്ളിലിട്ട് സൂക്ഷിച്ചു.



മാണിക്യൻ.

പണ്ടെങ്ങോ നാട്ടിൽ നിന്നും ഹൈറേഞ്ചിലേക്ക് കുടിയേറിപ്പോയ ഔസേപ്പ് മൂപ്പന്റെ ബീ. ഏ വരെ പഠിച്ച മകനായിരുന്നു മാണിക്യൻ.  മൂപ്പനും മാണിക്യനും തിരികെ നാട്ടിലെത്തിയപ്പോഴേയ്ക്കും മാണിക്യന്റെ മനസ്സ് അയാൾക്കു കൈ വിട്ടു പോയിരുന്നു. കടത്തിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന, എന്നും മാണിക്യന്റെ കൈ പിടിച്ച് വേച്ച് വേച്ച് നടന്നിരുന്ന മൂപ്പൻ ഒരു ദിവസം തന്റെ ശരീരം മാത്രം മാണിക്യനു വേണ്ടി ഉപേക്ഷിച്ച്, മാണിക്യനെ തനിച്ചാക്കി, ഭൂമിയിൽ നിന്ന് എങ്ങോ മറഞ്ഞു പോയി. അതോടെ അപ്പൻ പിടിച്ചിരുന്ന കൈകൾ മാണിക്യൻ മിക്കപ്പോഴും തന്റെ തോളിൽ ഇറുകെ ചേർത്ത് വച്ചു.  ഇടക്ക് എന്നെ കാണുമ്പോൾ ഒരു ചായക്ക് കാശ് തരുമോ” എന്ന് ചോദിച്ചു.  അപ്പച്ചന്റെ പോക്കറ്റിൽ നിന്നും ദിവസവും എടുത്തിരുന്ന അഞ്ച് രൂപയിൽ നിന്നു രണ്ട് രൂപ വല്ലപ്പോഴും മാണിക്യനു കൊടുക്കുമ്പോൾ മാണിക്യൻ ചിരിക്കുക മാത്രം ചെയ്തു.

കുറേകാലത്തിനിപ്പുറം വേറൊരു മഴക്കാലം.

സ്വപ്ന യാത്രകൾ ദൂരങ്ങൾ പോലെ കാലങ്ങളും താണ്ടുന്നത് പ്രകാശ വേഗത്തിനുമപ്പുറമാണു.

ഇപ്പോ മഴക്ക് കാലമോ നേരമോ ഒന്നും നോട്ടമില്ല” അമ്മ പറഞ്ഞു.

വിയന്നയിൽ നിന്നു വന്നതിന്റെ യാത്രാ ക്ഷീണമുണ്ടെങ്കിലും  ചെന്ന ഉടനെ തന്നെ മഴ തോർന്ന നേരം നോക്കി ഞാൻ പുറത്തേയ്ക്കിറങ്ങി.  വഴിയരികിലെ  ഓടകളിൽ കലക്ക വെള്ളം ഒഴുകി വരുന്നു. വീടിനു മുൻപിലെ കൈത്തോട്ടിൽ നിറയെ പുല്ലു വളർന്നിരിക്കുന്നു. നെൽകൃഷി ചെയ്തിരുന്ന പാടങ്ങളിൽ തെങ്ങും മറ്റ്  വൃക്ഷങ്ങളും നിറഞ്ഞിരിക്കുന്നു.  പാലമരത്തിന്റെ ചുവട്ടിൽ കള്ള് ഷാപ്പ് വന്നു.  പാഴ് വൃക്ഷങ്ങൾ വളർന്ന് പാല മരത്തെ ആകെ മൂടിയിരിക്കുന്നു. പാലപ്പൂവിന്റെ മാദക ഗന്ധവുമായി യക്ഷികൾ എങ്ങോ പോയി മറഞ്ഞു.  കരിങ്കല്ല് ഭിത്തികൾ തോട്ടിലേക്കിറക്കി കെട്ടി തോടിന്റെ വീതി നന്നെ കുറഞ്ഞിരിക്കുനു  ഇഞ്ചിയും കപ്പയും നട്ടിരുന്ന പറമ്പുകൾ റബ്ബറ് മരങ്ങൾ കൈയ്യടക്കി. അവ ഭൂമിയിലേക്ക് പതിക്കുന്ന സൂര്യ പ്രകാശത്തെ തടഞ്ഞു.  ആർക്കോ വിറ്റ് പോയ അമ്മാവൻ മൂത്താരുടെ പറമ്പിലെ മാവുകളെല്ലാം വെട്ടി മാറ്റി റബ്ബർ മരങ്ങൾ നട്ടു അവ പ്രകാശത്തിനു പകരം ഭൂമിയിൽ നിഴലുകൾ മാത്രം തീർത്തു.

അമ്മവൻ മൂത്താരുടെ മകൻ  ഒരു പേര മരക്കൊമ്പിനും ഭൂമിക്കും ഇടയിലായി മരിച്ചപ്പോൾ ചിതയിലെരിയാൻ മാവുകൾ ഉണ്ടായില്ല.

തോട്ടു നടയിലിപ്പോൾ ആൾ സഞ്ചാരമൊന്നും ഇല്ല, നീ അങ്ങോട്ടൊന്നും പോകണ്ട” അമ്മ പറഞ്ഞു.

എന്നും മുങ്ങാം കുഴിയിട്ട്  ഒപ്പം കളിച്ചിരുന്ന മോഹനൻ,  ജീവിത യാത്ര സ്വയം തീരുമാനിച്ച് അവസാനിപ്പിച്ചപ്പോൾ സ്വന്തം അമ്മയെയും കൂടെ കൂട്ടി. മോഹനനും അമ്മയും മാത്രം താമസിച്ചിരുന്ന വീട്ടിൽ  ആരുമില്ലാതെയായി.

 “അമ്മേ മാണിക്യനിപ്പോൾ വരാറുണ്ടോ” ഞാൻ ചോദിച്ചു.

“ഇല്ല, മാണിക്യൻ വയലായിലെ വെയിറ്റിങ്ങ് ഷെഡിൽ ഒരുദിവസം  മരിച്ച് കിടന്നു” അമ്മ പറഞ്ഞു. അല്ലെങ്കിലും അതായിരുന്നല്ലൊ മാണിക്യന്റെ വീട്.

പോക്കറ്റിൽ പണ്ട് അഞ്ച് രൂപ ഇരുന്ന സ്ഥാനത്ത് ഞാൻ വെറുതെ ഒന്നു തപ്പി നോക്കി.

-------------

അപരിചിതമായ ഒരു നാട്ടിലെത്തിയതു പൊലെ തോന്നിച്ച അസ്വസ്ഥമായ മനസ്സ് എന്റെ ഉറക്കം നഷ്ടപ്പെടുത്തി.