Sunday, May 28, 2006

എന്റെ നാട് -1

പാടെ വഴി തിരിഞ്ഞൊഴുകിയ നീണ്ട പതിനഞ്ച് - ഇരുപത് വര്‍ഷങ്ങക്കുമപ്പുറത്തേക്ക്   ചിന്തിക്കുവാനും ഓര്‍മ്മകള്‍ അയവിറക്കുവാനും ഞാനിവിടെ ശ്രമിക്കട്ടെ..

വെമ്പള്ളി എന്ന ബൂര്‍ഷ്വകളില്ലാത്ത ഇടത്തരക്കാരും പാവപ്പെട്ടവരും മാത്രം പാര്‍ത്തിരുന്ന സുന്ദര നാടിനെപ്പറ്റി ആദ്യമായി ഒരു വെമ്പള്ളിക്കാരന്‍ ചരിത്രമെഴുതട്ടെ.

മഹാന്മാരായ ചരിത്രകാരന്മാര്‍ വെമ്പള്ളിയെ തങ്ങളുടെ “പ്ലേസസ് റ്റൂ വിസിറ്റ്‌“ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വിട്ട് പോയി. വാസ്കോ ഡി ഗാമ വെമ്പള്ളി വഴി വരാന്‍ പ്ലാന്‍ ചെയ്തിരുന്നെങ്കിലും അവസാന നിമിഷം വെമ്പള്ളിയില്‍ ഒരു തുറമുഖം ഇല്ലാതിരുന്നതു കൊണ്ടും അതിലുപരി വെമ്പള്ളിയില്‍ കടലില്ലാതിരുന്നതു മൂലവും ആ പരിപാടി ക്യാന്‍സല്‍ ചെയ്ത് നേരെ കോഴിക്കോടിനു വിട്ടു.

കളത്തൂര്, വയലാ,കാളികാവ്, കടപ്പൂര് എന്നീ വന്‍കരകള്‍ക്കിടയിലാണ് വെമ്പള്ളീടെ കിടപ്പ് (എ.ഡി 450 ല് വെമ്പള്ളി മഹാരാജ്യം ഭരിച്ചിരുന്ന ക്രിഷ്ണങ്കുട്ടി മഹാരാജാവ് ഈ അയല്പക്ക രാജ്യങ്ങളെ ഒന്നും ആക്രമിച്ച് കീഴടക്കാതിരുന്നത് മൂലം അവ ഇപ്പൊഴും അങ്ങനെ തന്നെ നിലകൊള്ളുന്നു‍.). എം.സീ റോഡില്‍ ഒന്നര ഒന്നേ മുക്കാല്‍ കീ. മീ ടെ ഇടക്ക് കളത്തൂരിനു കിഴക്ക് വെമ്പള്ളിക്കു മൂന്നു കവലകളുണ്ട് തെക്കേ കവല നടുക്കവല പിന്നെ വടക്കെ കവല.

തെക്കെ കവലയില്‍ സെന്തോമസ് ക്ലിനിക്ക് , മ്രുഗാശുപത്രി, ഷാപ്പ് രണ്ടു മൂന്നു ചായക്കടകള്‍ (അവയുടെ എണ്ണം കൂടിയും കുറഞ്ഞുമിരുന്നു) വെമ്പള്ളിയിലെ മൊത്തം ഗുണ്ടായിസങ്ങള്‍ കേന്ദ്രീക്രതമായിരുന്നസ്ഥലമായിരുന്നു ഈ കവല.

മിക്കവാറും അല്ലറ ചില്ലറ അടിപിടികളും വല്ലപ്പോഴും ഷാപ്പിനോടനുബന്ധിച്ചു കത്തിക്കുത്തും, കൊലപാതകങ്ങളും നടന്നിരുന്നു.

കാണക്കാരി ഗവണ്‍മെന്റ് സ്കൂളില്‍ നിന്നും കാല്‍നടയായി വെമ്പള്ളിക്കു പോകും വഴി ഒരു വൈകുന്നേരം, തടിപ്പണി, കള്ളുകുടി, തല്ലു പിടി, കുണ്ടായിസം എന്നീ പരിപാടികളുമായി നടന്നിരുന്ന സഹോദരന്മാരായ മുണ്ടക്കല്‍ ബേബി, ജോയി എന്നിവര്‍ കൊല്ലപ്പെട്ടു എന്ന ന്യൂസ് കേട്ടിട്ട് ജോയിയെ കോടാലികൊണ്ട് വെട്ടിക്കൊന്നിട്ടിരുന്ന കടയിലെ ഡെസ്ക് കാണാന്‍ പോയതും, ബേബി കുത്തുകൊണ്ട്, ആയ കാലത്ത് കേറി ഉടക്കിയ മുന്‍ ഡിജിപി പോള്‍സാറിന്‍റെ വീട്ടില്‍ പോയി ക്ഷമപറഞ്ഞ് മുറ്റത്ത് വീണു രിച്ചെന്നറിഞ്ഞതും രണ്ടു മൂന്ന് ദിവസത്തേക്ക് ഞാന്‍ ഞെട്ടിക്കൊണ്ടിരുന്നതും ഒക്കെ ഓര്ക്കുന്നു. രണ്ടു മക്കളും മരിച്ച  അമ്മയെ ഓര്ത്ത് കുറച്ച് സങ്കടവും തോന്നിയിരുന്നു അന്ന്.

തെക്കേ കവലയില്‍ നിന്നും വടക്കോട്ടു പോയാല്‍ നടുക്കവല ഈ രണ്ടു കവലകള്ക്കുമിടയിലായി തവളയെ വിഴുങ്ങിയിട്ട് കിടക്കുന്ന നീർക്കോലി പോലെ  വെമ്പള്ളിപ്പുഴ(തോട്) ചിലയിടങ്ങളില്‍ വീര്‍ത്തും ചിലയിടങ്ങളില്‍ ശോഷിച്ചും വളഞ്ഞു പുളഞ്ഞ് പരന്നൊഴുകുന്നു.

നടുക്കവലയുടെ നടുക്കായി നീലാണ്ടപ്പിള്ളേടെ ചായക്കടയും തെക്കു ഭാഗാത്തായി ലോവറ് പ്രൈമറി സ്കൂള്‍, തങ്കി വൈദ്യത്തിയുടെ  ആയുര്‍‍വേദ വൈദ്യശാല, സര്‍ക്കാര്‍ പ്രാധമിക ആരോഗ്യ കേന്ദ്രം, വടക്കുഭാഗത്തായി പഞ്ചായത്താപ്പീസ്, വില്ലേജാപ്പീസ് എന്നിവയും സ്ഥിതികൊണ്ടു. മൈദ ഫുഡ്‌ബാളിന്റെ പത്തിലൊന്നു വലിപ്പത്തില്‍ ഉരുട്ടി, പുഴുങ്ങി വെമ്പള്ളി സ്കൂളിലെ കുട്ടികള്‍ക്കു ക്രുത്യം രണ്ടെണ്ണം വീതം വിതരണം ചെയ്തിരുന്ന സര്‍ക്കാര്‍ പ്രാധമിക ആരോഗ്യ കേന്ദ്രം ഒഴിച്ച് ബാക്കി എല്ലാം അവിടെത്തന്നെ ഇപ്പൊഴും സ്ഥിതിചെയ്യുന്നു. .

വടക്കെ കവലയില്‍ സഹകരണ ബാങ്ക്, പോസ്റ്റ്‌ ഓഫീസ്,  അതിനോടു പറ്റിച്ചേര്‍ന്ന് പോസ്റ്റാപ്പീസിലെ മാസ്റ്ററുടെ തന്നെ ജവുളിക്കടയും പ്രവര്‍ത്തിച്ചു പോന്നു. മാസ്റ്ററു തന്നെ പോസ്റ്റ്‌ ഓഫീസിൽ വരുന്നവര്‍ക്ക് പോസ്റ്റും ജവുളിക്കടയിലു വരുന്നവര്‍ക്കു ജവുളിയും മാറി മാറി നല്കിപ്പോന്നു   ഒറ്റ, ഡബിള്‍  മുണ്ടുകളും വരയുള്ളതും ഇല്ലാത്തതുമായുള്ള അണ്ട്രായറുകളും(അണ്ടെർ വെയർ ), ബനിയന്‍ തോര്ത്ത് മുണ്ട് എന്നിവക്കും നാട്ടുകാര് മാസ്റ്ററുടെ കടയിലേക്കു മാര്‍ച്ചു ചെയ്തു. പിന്നെ കുരിശുപള്ളിയും (തിരുന്നാള്‍ വണക്കമാസം എന്നീ വിശേഷ ദിവസങ്ങളില്‍മാത്രം ജീവന്‍ വെച്ചു പോന്നു‍))))9))) അതിന്‍ അടുത്തായി കുഞ്ജന്നായരുടെ മുറുക്കാന്‍കടയും നിലകൊണ്ടിരുന്നു.

കുഞ്ഞന്നായരുടെ കടയെയും ബസ്റ്റോപ്പിനേയും മൂടി സുന്ദരമായ ഇലകളും അതിലേറെ സുന്ദരമായ പൂക്കളുമുള്ള വാക മരം നില്‍ക്കുന്നു. “വാകപ്പൂമരം ചൂടി“ നില്‍ക്കുന്ന ആ ബസ്റ്റോപ്പിലായിരുന്നു ഞങ്ങള്‍ ബെന്‍ ജോണ്‍സണെപ്പോലെ എന്നും രാവിലെ ഓടാന്‍ നിന്നിരുന്നത്. കാരണം എം.സീ റോഡില് കുത്തക ഓട്ടം നടത്തിയിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ സ്റ്റോപ്പിനു നൂറു വാര മുന്‍പോ നൂറു വാര കഴിഞ്ഞൊ മാത്രമെ നിറുത്തിയിരുന്നുള്ളു.

നടുക്കവലയില്‍ നിന്നും ഒന്നര കിലോ മീറ്റര്‍ കൊമർത്തന്മാരുടെയും ഭാരതിയുടെയും  മൂരിപ്പാപ്പന്‍റെയും അവിടുത്തെ കേറ്റം കേറി പാറമട ഇറക്കോം ചാത്തഞ്ചിറ ഇറക്കോം ഇറങ്ങി, കുരുശുപള്ളീക്കേറ്റവും  കേറി പിന്നേം ഓട്ടൊക്കാരുടെ പേടിസ്വപ്നമായ നരിക്കുഴി ഇറക്കോം വളവും (പല ഓട്ടോക്കാരും കുതിരവട്ടം പപ്പു താമരശ്ശേരിച്ചുരം അമ്മാവന്‍ വണ്ടിയുമായിട്ട് ഇറങ്ങിയതു പോലെ “ഇറക്കമാണല്ലോ കത്തിച്ചു വിട്ടേക്കം” എന്നു വിചാരിക്കുകയും ഇറക്കത്തിന്‍റെ താഴെയുള്ള കൊടും വളവിലെത്തുമ്പൊ തലച്ചൊറിലുത്ഭവിക്കുന്ന ‌‌“വളക്കൂ“ എന്ന കമാന്‍റ് കൈയിലൊട്ടും പിന്നെ ഹാന്‍റിലിലോട്ടും എത്തുമ്പൊ ഉന്ണ്ടാകുന്ന കാലതാമസം മൂലം ഓട്ടോ മുരിക്കാപ്പള്ളീടെ മാട്ടേലോ വഴീടെ നടുക്കു തന്നെയോ ലംബമായി ലാന്‍റ് ചെയ്തു പോന്നു‍‍)) കടന്ന് കിഴക്കൊട്ടു പോയാല്‍ നാരകപ്പടി അഥവാ ഫ്രണ്ട്സ് ജംക്ഷനായി.

ഇപ്പൊ നമ്മളെത്തിനില്‍ക്കുന്നത് ഞങ്ങളുടെയൊക്കെ പരിശീലനക്കളരിയായിരുന്ന കൊല്ലിത്താനം പലചരക്കു കടേടെം, നാരായണങ്കുട്ടീടെ ചായക്കടയായിരുന്ന, ഫ്രണ്ട്സ് ക്ലബ്ബാക്കി മാറ്റിയ കൊച്ചു മുറിയുടെയും മുന്പിലാണ് (ഞങ്ങളുടെ തിരോധാനത്തിനും പലചരക്കു കടയുടെ പതനത്തിനും ശേഷം അതിപ്പൊ പഞ്ചായത്തുവക നേഴ്സറിസ്കൂളായി മാറി).

ഞങ്ങളുടെ ക്ലബ്ബിന്‍റെ ഉത്ഭവംതന്നെ വളരെ കൌതുകം നിറഞ്ഞതാണ്. മൂന്നു പെണ്‍കിടാങ്ങള് മാത്രമുണ്ടായിരുന്ന വല്ലാഷേല് ഒഴിച്ച് ബാക്കി എല്ലാ വീട്ടിലും രണ്ടും മൂന്നും വീതം ആണ്‍പിള്ളാരുണ്ടായപ്പൊ അവരെല്ലാവരും പകലെല്ലാം വെമ്പള്ളി - വെള്ളാക്ക റോഡിലെ കലുങ്കുകള്‍ രാത്രി തോട്ടുനട എന്നിവിടങ്ങളില്‍ ഇരുപ്പ് കിടപ്പ് എന്നിവ ആരംഭിച്ചു. ഫ്രീ കിട്ടുന്ന സമയങ്ങളില്‍ കിഴക്കെത്തോട്ടിലും തെക്കെത്തൊട്ടിലും ചാട്ടം, പാടത്ത് ചേറില്‍കിടന്നു ഗുസ്തി, കാറ്റത്ത് റബർ മരങ്ങൾ  റിഞ്ഞു വീഴുമ്പൊ എല്ലവരും കൂടി കയറ്, വെള്ളം കോരുന്ന കപ്പി, പാവലിന് പന്തലിടാനുള്ള കമ്പി എന്നിവയുമായിച്ചെന്ന് ഒരുകുഴികുഴിച്ച് റബ്ബറ് പൊക്കി കുഴിയിലിറക്കി വച്ച് മണ്ണിട്ടു മൂടി റബ്ബറിന്‍റെ ഉടമസ്ഥനുണ്ടാക്കി വക്കുന്ന ചെണ്ടങ്കപ്പ, മുളകരച്ചത്, കട്ടങ്കാപ്പി എന്നിവ കഴിച്ച് “ഇനീം കാറ്റൊണ്ടാകുമ്പൊ വിളിക്കണം” എന്നു പറഞ്ഞ് പോന്നു.

ജൂണ്‍ മാസത്തില്‍ പുതുമഴ പെയ്യുമ്പൊ പാടത്തെല്ലാം വെള്ളം നിറയുമ്പൊ ഒറ്റാല്‍, വടിവാള്‍ മുതലായ ആയുധങ്ങളുമായി യുദ്ധത്തിനു പോകുമ്പോലെ പാടമായ പാടമെല്ലാം നിരങ്ങി നടന്നു. രാത്രിയായാല്‍ പെട്രൊമാക്സ്, കുത്തുവല എന്നിവയും കരുതിയിരുന്നു. വലയുമായി വെല്ല്യ വെള്ളത്തില്‍ കടവിലിറങ്ങിയൊ പാടത്തേക്ക് മട വീണിടത്തോ വലക്കകത്ത് മീന്‍ കയറി മുട്ടുന്നുണ്ടൊ എന്നു ശ്രദ്ധിച്ച് വലക്കണ്ണിയില്‍ കൈതൊട്ടുപിടിച്ച് വിറങ്ങലിച്ച് വെളുക്കുവോളം നിന്നു. വെല്ല്യവെള്ളത്തില്‍ മലമ്പാമ്പ്, മൂര്‍ഖന്‍ എന്നിവ ഒഴുകിവരും എന്നൊക്കെ പലരും പറഞ്ഞിരുന്നതു കൊണ്ട് ഒരോ തവണ വല പൊക്കുമ്പോഴും പേടിയുണ്ടാരിരുന്നു.

മുമ്പ് പലപ്പോഴും, കൂട്ടുകാരൻറെ അച്ഛനായിരുന്ന, മരിച്ചു പോയ, കുട്ടപ്പന്റെ കൂടെ വല പിടിക്കാൻ പോയിരുന്നത് കൊണ്ട്  പാതിരാത്രി കഴിഞ്ഞാല്‍ വലപിടിക്കുമ്പൊ കുട്ടപ്പനെപ്പറ്റിയുള്ള ചിന്തയും എന്നെ വേട്ടയാടാതിരുന്നില്ല.

അല്ലെങ്കില്‍ പെട്രൊമാക്സും പിടിച്ച് കൂടെ ഒറ്റാലും, വാളും, മീനിടാനുള്ള പ്ലാസ്റ്റിക്ക് ചാക്കുമായി നടന്നും മീന്‍ പിടിച്ചു. വേമ്പനാട്ടു കായലില്‍ ജനിച്ചു വളര്‍ന്ന കുറുവാ, വാള, മഞ്ഞക്കൂരി എന്നിവ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ഞങ്ങളുടെ ഒറ്റാലിലും വലയിലും വന്നു കയറിയും വാളിനടിയില്‍ തല വച്ചും മരിച്ചു പോന്നു.

എന്നെ സംബന്ധിച്ചിടത്തോളം പുതുമഴ പെയ്യുമ്പോ വീടിന്‍ മുന്‍പിലെ പാടവും തോടുമെല്ലാം നിറഞ്ഞ് കിഴക്കെ തോട്ടിലെ പാലമറ്റം ചിറ, കൂവക്കക്കാട്ടില്‍ ചീപ്പ്, പാറെക്കാട്ടില്‍ ചീപ്പ് എന്നിവിടങ്ങളിലെ തിട്ടകളില്, പൊന്മാന്‍ നോക്കിയിരിക്കുമ്പോലെ ദേഹത്ത് നെടുനീളെ വരയുള്ള ഊത്തപ്പരള്, ചീപ്പിന്‍റെ മുകളിലോട്ട് ചാടിക്കയറുന്ന കുറുവ, എന്നിവയെ നോക്കിയിരിക്കുന്നതും, പാടത്തെല്ലാം മീനിന്‍റെ പുറകെ നടക്കുമ്പോഴും കിട്ടുന്ന സന്തോഷം പിന്നിട് ഒരിക്കലും തന്നെ കിട്ടിയിട്ടില്ല.

ജുലായ് ഓഗസ്റ്റ് മാസങ്ങളായല്‍ പിന്നെ നഞ്ച് സീസണായി. എല്ലാ ആഴ്ചകളിലും കുടപ്പനയുടെ മൂത്തു നില്‍ക്കുന്ന കായ്കള്‍ വെട്ടിയിറക്കി മണ്ണില് കുഴിയുണ്ടാക്കി ഉലക്കക്കിടിച്ച് വാരി ചാക്കില്‍കെട്ടി ചുമന്ന് കൊണ്ടുപോയി തോട്ടില്‍ കലക്കി നഞ്ചടിച്ച് പൂസായിവരുന്ന മീനുകളെ വലയില്‍ പിടിച്ചു.

അല്ലെങ്കിൽ വേറാരെന്ങ്കിലും നഞ്ച് കലക്കുന്നത് സി.ഐ.ഡി കള്‍ മണത്തറിഞ്ഞ് വിവരം തന്നതനുസരിച്ച് തോട്ടുനടയില്‍ പോയി കുത്തിയിരുന്ന് നഞ്ച് വരുമ്പോളിറങ്ങി “കട്ടു പിടിച്ചു”.

 ചിലപ്പൊ സി.ഐ.ഡി കള്‍ തെറ്റായ വിവരം തന്നതു മൂലമോ തോട്ടു വരമ്പില്‍ കിടന്നുറങ്ങിപ്പോയതു കൊണ്ടൊ രാവിലെ എഴുന്നേറ്റ് ...ട്ടി ചന്തക്കു പോയിട്ടു വരുമ്പോലെ വീട്ടില്‍ പോയി. അകലേന്നെ ടോര്‍ച്ച് മിന്നുന്നതു കണ്ടാല്‍ ഞങ്ങള്‍ക്കതൊരു സിഗ്നലായിരുന്നു നഞ്ച് വരുന്നു കട്ടുപിടിക്കാന്‍ തോട്ടിലിറങ്ങാം എന്ന സിഗ്നല്‍.

നഞ്ച് മാസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കപ്പത്തോട്ടത്തിലെ ചീട്ടുകളിയായിരുന്നു ഞങ്ങളുടെ സമയമെല്ലാം അപഹരിച്ചിരുന്നത്. പിടിക്കപ്പെടും എന്നു തോന്നിയാല്‍ ഞങ്ങള്‍ താവളം ഉടനെ മാറ്റിയിരുന്നു.

സമയം പോലെയൊക്കെ വല്ലപ്പോഴും മാത്രം ഒരു വണ്ടി കടന്നു പോകുന്ന ടാറ് റൊഡില്‍ കബഡി, കോട്ട, പഞ്ഞിയില്‍ നൂല്‍ ചുറ്റി റബ്ബറ്പ്പാല്‍ മുക്കി പന്തുണ്ടാക്കി നാടന്‍പന്തും കളിച്ചു. ഇതിനെല്ലാം ഇടയില്‍ സ്കൂളില്‍ പോകാനും ഞങ്ങള്‍ കുറച്ചു സമയം കണ്ടെത്തിയിരുന്നു.

ഇങ്ങനെയൊക്കെ സുഖമായി കഴിയുമ്പോഴാണ് വെളുമ്പനും, ചാച്ചനും, അണ്ണനും എനിക്കും പാട്ടാ സിങ്ങിനും, മാത്തച്ചനും ഒക്കെ ബൊധോദയവും ബുദ്ധിയുമൊക്കെയുന്ണ്ടാകുന്നത് ഞങ്ങള് കൂലങ്കഷമായി ചിന്തിച്ചു.

ഞങ്ങള്‍ക്കു തോന്നി – ഇനി ക്ലബ്ബുണ്ടാക്കണം, കായികവും സാമ്പത്തികവുമായ ഉന്നമനത്തിന്‍ സ്പോട്സ് ഐറ്റംസ് വേണം.

പക്ഷെ എന്ത് ഐറ്റം?

കൂടിയാലോചനകള്‍ക്കു ശേഷം ഞങ്ങള്‍ തീരുമാനിച്ചു “വടം വലി”. ഷിബൂം, ജോസപ്പും, പട്ടാളപ്പുഴൂം, അനിയൻ ബോബിയുംസുഗ്രീവനും, പവനായീം, ചുട്ടിം, പോത്തും, ചൂടുകുഞ്ഞും,ജോയിച്ചനും, പവനായീം, മാനുച്ചേട്ടനും, കുഞ്ചുവും, സന്തോഷും, ജോയിച്ചേട്ടനും എല്ലാവരും റെഡി.

അങ്ങനെ വെളുമ്പന്‍റെ നേതൃത്വത്തിൽ പിരിവെടുത്ത് ഞങ്ങള്‍ പെട്ടി ഓട്ടോയില്‍ (അതോ കുഞ്ഞുമാന്‍റെ കാള വണ്ടിയിലോ? ഞാനോര്‍ക്കുന്നില്ല)വടം കൊണ്ടുവന്നു. രണ്ടുമൂന്നു പേര്‍ കൂടിയാല്‍ മാത്രം പൊക്കാന്‍ കഴിയുന്ന ഒരു കയറ്കൂമ്പാരം. അതൊരു തുടക്കമായിരുന്നു....ഇരുപത്തി നാലോളം എവർ റോളിംഗ് ട്രോഫികൾ ഒരു സമയത്ത് കൈയ്യിലുണ്ടായിരുന്ന ഫ്രെണ്ട്സ് ആര്ട്ട്സ് ആന്റ് സ്പോര്ട്സ് ക്ലബ്ബിന്റെ (ആദ്യം എഴുതിച്ച ബോർഡിൽ സ്പെല്ലിങ്ങുകൾ മൊത്തം തെറ്റായിരുന്നു)  തുടക്കം.